
ARTICLES


സയ്യിദ് മുഹമ്മദ് നഖീബുൽ അത്താസ്: ജ്ഞാനത്തിന്റെ ഇസ്ലാമികവൽക്കരണവും ആധുനിക പ്രതിസന്ധിയും
ആധുനിക മുസ്ലിം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് വിജ്ഞാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ്. ശാസ്ത്രം, വിദ്യാഭ്യാസം, തത്വചിന്ത, സാമൂഹിക ശാസ്ത്രങ്ങൾ എന്നിവയിൽ പാശ്ചാത്യ ലോകത്തിന്റെ ആധിപത്യം വർധിച്ചതോടെ മുസ്ലിം സമൂഹം തങ്ങളുടെ സ്വന്തം വിജ്ഞാന പാരമ്പര്യത്തിൽ നിന്ന് അകന്നുപോയി. ഈ സാഹചര്യത്തിൽ “ഇസ്ലാമൈസേഷൻ ഓഫ് നോളേജ്” എന്ന ആശയം മുന്നോട്ടുവെച്ച് ആധുനിക ഇസ്ലാമിക ചിന്തയിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സയ്യിദ് മുഹമ്മദ് നഖീബുൽ അത്താസ്. മലേഷ്യൻ തത്വചിന്തകനായി അറിയപ്പെടുന്ന നഖീബുൽ അത്താസ് 1931-ൽ ഇന്തോനേഷ്യയിലെ ജാവയിൽ ജനിച്ചു. പിന്നീട് മലേഷ്യയിലാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും ജീവിതവും. പ്രവാചകൻ മുഹമ്മദ് നബി ﷺയുടെ വംശ പരമ്പരയുമായി ബന്ധമുള്ള ഒരു സയ്യിദ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ബാല്യത്തിൽ തന്നെ ഇസ്ലാമിക പഠനങ്ങളിൽ ആഴത്തിൽ അവഗാഹം നേടിയ അത്താസ് പിന്നീട് ലോക പ്രശസ്ത സർവകലാശാലകളിൽ പഠനം നടത്തി. കാനഡയിലെ മക്ഗിൽ സർവകലാശാലയിൽ പഠിക്കുമ്പോൾ ജാപ്പനീസ് പണ്ഡിതനായ തോഷിഹിക്കോ ഇസുത്സുവിന്റെ കീഴിൽ സെമാന്റിക് പഠനങ്ങൾ അഭ്യസിച്ചത് അദ്ദേഹത്തിന്റെ ചിന്തയെ ആഴത്തിൽ സ്വാധീനിച്ചു. നഖീബുൽ അത്താസിന്റെ ചിന്തയുടെ കേന്ദ്രത്തിൽ നിൽക്കുന്നത് “അദബ്” എന്ന ആശയമാണ്. മുസ്ലിം സമൂഹത്തിന്റെ അധഃപതനത്തിന് പ്രധാന കാരണം അറിവില്ലായ്മയല്ല, മറിച്ച് “അദബില്ലായ്മ” ആണെന്നാണ് അദ്ദേഹം വാദിച്ചത്. ഇവിടെ അദബ് എന്നത് വെറും ശിഷ്ടാചാരമല്ല; ആത്മീയതയും ധാർമികതയും വിജ്ഞാനവും മനുഷ്യന്റെ ശരിയായ സ്ഥാനബോധവും ഉൾക്കൊള്ളുന്ന സമഗ്രമായ ആശയമാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വെറും തൊഴിൽ പരിശീലനം നൽകൽ അല്ല, മറിച്ച് “ഇൻസാനുൽ കാമിൽ” — സമ്പൂർണ മനുഷ്യനെ — രൂപപ്പെടുത്തലായിരിക്കണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം “ഇസ്ലാമൈസേഷൻ ഓഫ് നോളഡ്ജ്” എന്ന ആശയം അവതരിപ്പിച്ചത്. ആധുനിക വിജ്ഞാന ശാഖകളിൽ പാശ്ചാത്യ സെക്കുലർ ചിന്തകൾ ശക്തമായി കടന്നുകൂടിയിട്ടുണ്ടെന്നും, അവയെ വിമർശനാത്മകമായി പരിശോധിച്ച് ഇസ്ലാമിക ദർശനത്തിന്റെ അടിസ്ഥാനത്തിൽ പുനർ നിർമ്മിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. അദ്ദേഹം മുന്നോട്ടുവെച്ച രീതിയിൽ ആദ്യം പാശ്ചാത്യ വിജ്ഞാനത്തിലെ പ്രശ്നകരമായ ആശയങ്ങളെ തിരിച്ചറിയണം. പിന്നീട് അതിലേക്ക് ഇസ്ലാമിക മൂല്യങ്ങളും ദർശനങ്ങളും ഉൾക്കൊള്ളിക്കണം. “Isolation”യും “Infusion”ഉം എന്ന രണ്ടു ഘട്ടങ്ങളിലൂടെയാണ് ഈ പ്രക്രിയയെ അദ്ദേഹം വിശദീകരിച്ചത്. അത്താസിന്റെ ജ്ഞാനശാസ്ത്ര ചിന്തയിൽ ഭാഷക്കും വലിയ സ്ഥാനമുണ്ട്. ഉദാഹരണത്തിന്, “ഇൽമ്” എന്ന അറബി പദത്തെ “Knowledge” എന്ന് വിവർത്തനം ചെയ്യുമ്പോൾ അതിന്റെ ആത്മീയ അർത്ഥ തലങ്ങൾ നഷ്ടപ്പെടുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. “ഇൽമ്” എന്ന ആശയത്തിൽ ആത്മീയതയും ദൈവബോധവും ധാർമികതയും ഉൾപ്പെടുമ്പോൾ, “Knowledge” എന്ന ഇംഗ്ലീഷ് പദം പലപ്പോഴും ഭൗതികവും വിവര കേന്ദ്രിതവുമായ അറിവിലേക്ക് ചുരുങ്ങുന്നു. അതുപോലെ “ദീൻ” എന്ന പദത്തെ അദ്ദേഹം കടപ്പാട് എന്ന ആശയവുമായി ബന്ധിപ്പിക്കുന്നു. മനുഷ്യൻ അല്ലാഹുവിനോടുള്ള തന്റെ ബാധ്യതകൾ നിറവേറ്റുന്ന ജീവിത രീതിയാണ് ദീൻ എന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. വിജ്ഞാനത്തിന്റെ ഉറവിടത്തെക്കുറിച്ചും അത്താസ് പ്രത്യേകമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അറിവിന് രണ്ട് തലങ്ങളുണ്ട്: “Absolute Authority”യും “Relative Authority”യും. ഖുർആനും പ്രവാചക സുന്നത്തുമാണ് പരമാധികാരമുള്ള വിജ്ഞാന സ്രോതസുകൾ. അതേസമയം വിശ്വസനീയരായ പണ്ഡിതന്മാരുടെ പാരമ്പര്യത്തിലൂടെ കൈമാറപ്പെടുന്ന അറിവുകൾ സംബന്ധിക അധികാരമുള്ളവയാണ്. ഇസ്ലാമിക കാഴ്ചപ്പാടിൽ അറിവ് മനുഷ്യരിലേക്ക് എത്തുന്നത് മൂന്നു രീതിയിലാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നേരിട്ടുള്ള ദൈവിക വെളിപ്പെടുത്തൽ, മലക്കുകൾ മുഖേന ലഭിക്കുന്ന വഹ്യ്, മനുഷ്യന്റെ ഉള്ളിലേക്ക് ഇൽഹാമായി ലഭിക്കുന്ന പ്രചോദനം. അത്താസ് അറിവിനെ “ഫർള് ഐൻ” “ഫർള് കിഫായ” എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ഓരോ മുസ്ലിമും നിർബന്ധമായും അറിയേണ്ട അറിവുകളാണ് ഫർള് ഐൻ. ഖുർആൻ, സുന്നത്ത്, ശരീഅത്ത്, അഖീദ, തസവ്വുഫ് തുടങ്ങിയ വിഷയങ്ങൾ ഇതിൽപ്പെടും. അതേസമയം സമൂഹത്തിൽ ചിലർ അറിയുന്നത് മതിയാകുന്ന വിജ്ഞാനശാഖകളാണ് ഫർള് കിഫായ. പ്രകൃതി ശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹിക ശാസ്ത്രങ്ങൾ തുടങ്ങിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. എന്നാൽ ഈ മേഖലകളെല്ലാം ഇസ്ലാമിക മൂല്യങ്ങളുടെ വെളിച്ചത്തിൽ പുനർവായിക്കപ്പെടണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. 1970-കളിൽ ഇസ്ലാമൈസേഷൻ ഓഫ് നോളേജ് ഒരു ആഗോള ബൗദ്ധിക പ്രസ്ഥാനമായി വളരാൻ തുടങ്ങി. ഈ മേഖലയിലെ പ്രമുഖരായ ഇസ്മായിൽ റജി അൽ-ഫാറൂഖി, സയ്യിദ് ഹുസൈൻ നസർ എന്നിവരോടൊപ്പം അത്താസും പ്രവർത്തിച്ചു. 1987-ൽ മലേഷ്യയിൽ അദ്ദേഹം സ്ഥാപിച്ച ISTAC (International Institute of Islamic Thought and Civilization) ഈ ചിന്തയുടെ പ്രായോഗിക കേന്ദ്രമായി മാറി. ഇന്നും ഇസ്ലാമിക വിജ്ഞാനത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ അവിടെ നടക്കുന്നു. എന്നാൽ അത്താസിന്റെ ചിന്തകൾ വിമർശനങ്ങളിൽ നിന്ന് ഒഴിഞ്ഞിരുന്നില്ല. “ഇസ്ലാമിക് സയൻസ്” അല്ലെങ്കിൽ “ഇസ്ലാമിക് ഫിലോസഫി” എന്നിങ്ങനെ എല്ലാ വിജ്ഞാന ശാഖകൾക്കും മുൻപിൽ “ഇസ്ലാമിക്” എന്ന വിശേഷണം ചേർക്കേണ്ടതുണ്ടോ എന്ന് ചില പണ്ഡിതന്മാർ ചോദ്യം ചെയ്തു. പാകിസ്ഥാനി ഭൗതിക ശാസ്ത്രജ്ഞരായ അബ്ദുസ്സലാം, പർവേസ് ഹൂഡ്ഭോയ് എന്നിവരും ശഹാബ് അഹ്മദിനെ പോലുള്ള ചിന്തകരും ഈ ആശയത്തെ വിമർശിച്ചു. ശാസ്ത്രം സാർവ ലൗകികമാണെന്നും അതിനെ മതപരമായി വേർതിരിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അവർ വാദിച്ചു. എന്നിരുന്നാലും, ആധുനികതയും പാരമ്പര്യവും തമ്മിലുള്ള സംഘർഷത്തിൽ ഇസ്ലാമിക വിജ്ഞാന പാരമ്പര്യത്തെ സംരക്ഷിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യേണ്ടതുണ്ടെന്ന് ശക്തമായി മുന്നറിയിപ്പ് നൽകിയ ചിന്തകനായി നഖീബുൽ അത്താസ് ഇന്നും വായിക്കപ്പെടുന്നു. പാശ്ചാത്യ ചിന്തയെ അന്ധമായി അനുകരിക്കാതെ, അതേസമയം ആധുനിക ലോകത്തെ പൂർണമായി നിരസിക്കാതെയും, വിമർശനാത്മകമായി സമീപിക്കാനുള്ള ഒരു ബൗദ്ധിക മാർഗരേഖയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. അതുകൊണ്ടുതന്നെ നഖീബുൽ അത്താസ് ഒരു തത്വചിന്തകൻ മാത്രമല്ല; ആധുനിക മുസ്ലിം ബൗദ്ധിക ലോകത്തിന്റെ ദിശ നിർണ്ണയിക്കാൻ ശ്രമിച്ച ഒരു നവോത്ഥാന ചിന്തകനാണ്.

ആദർശപ്പെരുമയുടെ ഒരു നൂറ്റാണ്ട്: സമസ്തയുടെ വിപ്ലവ വീഥികൾ
ആധുനിക കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാംസ്കാരികവും മതപരവുമായ അടിത്തറ രൂപപ്പെടുത്തുന്നതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വഹിച്ച പങ്ക് അനിർവചനീയമാണ്. വൈദേശിക അധിനിവേശത്തിനെതിരെ മലബാറിൽ സമരങ്ങൾ കൊടുമ്പിരിക്കൊണ്ട സമയത്ത് ഭൗതിക വിദ്യാഭ്യാസത്തിന്റെ മറവിൽ പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിക്കാൻ ചില പുത്തൻ പ്രസ്ഥാനങ്ങളും തല്പര പ്രമാണിമാരും രംഗത്തുവരികയുണ്ടായി. പോരാട്ടങ്ങളുടെ മുറിവുകൾ പേറിക്കഴിയുന്ന മുസ്ലിം സമുദായത്തെ അവരുടെ തനത് ആചാരങ്ങളിൽ നിന്നും ആത്മീയ വഴികളിൽ നിന്നും വ്യതിചലിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നപ്പോൾ അതിനെ പ്രതിരോധിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് കേരളത്തിലെ പണ്ഡിതന്മാർ ഏറ്റെടുത്തത്. ഇതിനായി പണ്ഡിതശ്രേഷ്ഠർ സംഘടിക്കുകയും 1926-ൽ'സമസ്ത കേരള ജംഇയ്യത്തുൽ ഉലമ'എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. ഇന്ന് നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ ചരിത്രവഴികളിൽ ഏറ്റവും തിളക്കമുള്ള നേട്ടം അതിന്റെ പാരമ്പര്യ വിശ്വാസത്തിലുള്ള ആദർശപരമായ അചഞ്ചലത തന്നെയാണ്. മഹത്തുക്കളെ കീർത്തിക്കുന്നതും മഖ്ബറകൾ സന്ദർശിക്കുന്നതും അടക്കമുള്ള പരമ്പരാഗത രീതികളെ ശിർക്ക് എന്ന് മുദ്രകുത്തി മുസ്ലിം സമുദായത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ'ലാ ഇലാഹ ഇല്ലല്ലാഹ്'എന്ന ഇസ്ലാമിക അടിത്തറയും പാരമ്പര്യവും കൈമുതലാക്കി തന്നെ സമസ്ത പോരാടി. കാലാന്തരത്തിൽ ഇതിനെതിര് നിന്ന ആശയധാരകൾ ഓരോന്നും പലതായി ചിതറിപ്പോയപ്പോഴും, സമസ്തക്ക് തങ്ങൾ ഉയർത്തിപ്പിടിച്ച ആദർശങ്ങളിൽ ഒന്നുപോലും തിരുത്തേണ്ടി വന്നിട്ടില്ല എന്നത് ഈ പ്രസ്ഥാനത്തിന്റെ ആധികാരികതയെയും ബൗദ്ധിക കരുത്തിനെയുമാണ് അടയാളപ്പെടുത്തുന്നത്. കേവലം ഒരു ആദർശ സംരക്ഷണ വേദി എന്നതിനപ്പുറം, സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിൽ വിപ്ലവം സൃഷ്ടിച്ച ഒരു മഹാ വടവൃക്ഷമായാണ് ഇന്ന് സമസ്ത വളർന്നിരിക്കുന്നത്. ആഴത്തിൽ താഴ് വേരുകളിറങ്ങിയ ശക്തമായ ആശയ അടിത്തറയും പടർന്നു പന്തലിച്ച വിപുലമായ പ്രവർത്തന ശൃംഖല ഈ പ്രസ്ഥാനത്തിനുണ്ട്. ഒരു മഹാവൃക്ഷം സമൂഹത്തിന് തണലേകുന്നതു പോലെ ശാന്തിയും സുരക്ഷിതത്വവും നൽകാൻ ഈ കൂട്ടായ്മയ്ക്ക് സാധിക്കുന്നു. ലിബറലിസത്തോടും ഇസ്ലാമിനെതിരെയുള്ള ബൗദ്ധിക കടന്നാക്രമണങ്ങളോടും വിട്ടുവീഴ്ചയില്ലാതെ പോരാടുമ്പോൾ തന്നെ, തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ കടുത്ത നിലപാടാണ് സംഘടന സ്വീകരിക്കുന്നത്. മുസ്ലിം ന്യൂനപക്ഷ ക്ഷേമ-സംരക്ഷണ പ്രവർത്തനങ്ങളിൽ ശക്തമായി ഇടപെടുമ്പോഴും ഇന്ത്യൻ ഭരണഘടന മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു ബഹുസ്വര ജനാതിപത്യ സമൂഹത്തോട് മുഴുവൻ ചേർന്ന് നിർക്കുന്ന രീതിശാസ്ത്രാമാണ് സമസ്ത അവലംഭിക്കുന്നത്. ആത്മീയതയോടൊപ്പം പരിസ്ഥിതി സൗഹൃദമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കാനും ഈ പണ്ഡിതസഭ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. കേരളക്കരയിൽ കടന്നുകൂടിയ ബിദ്അത്തുകൾക്കെതിരെയും കള്ള ത്വരീഖത്തുകൾക്കെതിരെയും സമസ്ത നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ വിശ്വ ചരിത്രമാണ്. ഇസ്ലാമിന്റെ തനത് ആത്മീയതയെയും ആചാരങ്ങളെയും ചൂഷണം ചെയ്ത് കടന്നുവന്ന കള്ള ത്വരീഖത്തുകളെയും സമുദായത്തിൽ ഭിന്നത വിതച്ച ബിദഈ പ്രസ്ഥാനങ്ങളെയും കൃത്യമായ പ്രമാണങ്ങളുടെ പിൻബലത്തോടെയാണ് പണ്ഡിതന്മാർ പ്രതിരോധിച്ചത്. സമസ്തയുടെ ഈ ശക്തമായ ആദർശ പ്രതിരോധത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ അത്തരം വ്യാജ മാർഗ്ഗങ്ങൾക്ക് പിന്നീട് സമൂഹത്തിൽ നിലനിൽപ്പില്ലാതായി മാറുകയായിരുന്നു. സമസ്തയെ തകർക്കാൻ വൻ കോലാഹലങ്ങളോടെ രംഗത്തുവന്ന ഇത്തരം പ്രസ്ഥാനങ്ങൾ കാലാന്തരത്തിൽ ഒന്നിനൊന്ന് ആദർശപരമായ തകർച്ച നേരിടുകയും പല വിഭാഗങ്ങളായി ചിതറിപ്പോവുകയും ചെയ്തു. നൂറ്റാണ്ടിപ്പുറവും ആ പഴയ ആദർശ വീര്യം ഒട്ടും ചോർന്നുപോകാതെ, ഇന്നും പുത്തൻ വാദികളെയും വ്യാജ ത്വരീഖത്തുകാരെയും ഒരുപോലെ ശക്തമായി എതിർത്ത്, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നേർവഴിയിലൂടെ സമൂഹത്തിന് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ സമസ്തക്ക് സാധിക്കുന്നുണ്ട്. പ്രസ്ഥാനത്തിന്റെ സ്വതന്ത്രമായ നിലനിൽപ്പും ആത്മാഭിമാനവും സാധ്യമാക്കിയത് രാഷ്ട്രീയ സ്വാധീനങ്ങൾക്ക് മുന്നിൽ പണയം വെക്കാത്ത പണ്ഡിത നേതൃത്വത്തിന്റെ നിശ്ചയദാർഢ്യമാണ്. രാഷ്ട്രീയ ശക്തികളുടെ വെറും ചട്ടുകങ്ങളോ വാലാട്ടികളോ ആയി മാറാതെ, സ്വന്തമായൊരു സ്വതന്ത്ര അസ്തിത്വം കാത്തുസൂക്ഷിക്കാൻ സമസ്ത എക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി മതവിരുദ്ധമായ പ്രവണതകളോട് ഭരണാധികാരികൾ സന്ധിചെയ്യുമ്പോൾ അതിനെ ഭയമില്ലാതെ തുറന്നെതിർക്കുകയും ചെയ്തു. ഇടക്കാലത് രാഷ്ട്രീയ രൂപം പ്രാപിച്ചു സുന്നി കൈരളിയുടെ നേതൃത്വം സ്വന്തമാക്കാൻ ശ്രമിച്ച ബിദഈ ഗൂഢ തന്ത്രങ്ങളെ മുളയിലേ നുള്ളി കളയാൻ സമസ്തക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ വിയോജിപ്പുകൾ സൃഷ്ടിച്ച് സമസ്തയെ വികടിപ്പിക്കാനുള്ള ശ്രമം ഫലിക്കുകയാണുണ്ടായത്. പിന്നീട് ആദർശ സ്വത്വം പണയം വെക്കാതെയുള്ള നിലപാടുകളും, സമസ്തയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ താജുൽ ഉലമ, നൂറുൽ ഉലമ, ഖമറുൽ ഉലമ ഉൾപ്പെടെയുള്ള പണ്ഡിതർ എടുത്ത ധീരമായ തീരുമാനങ്ങളും ചരിത്രം സാക്ഷ്യപ്പെടുത്തിയതാണ്. കൂടാതെ പിന്നീട് ഇത് സംഘടനയെ കൂടുതൽ വൈജ്ഞാനിക പുരോഗതിയിലേക്കും കർമ്മപഥത്തിലേക്കും നയിക്കുകയാണുണ്ടായത്. ഇന്ന് സമസ്തക്ക് കീഴിൽ ഇന്ത്യയിലും വിദേശത്തുമായി കോടിക്കണക്കിന് രൂപയുടെ വിപുലമായ വൈജ്ഞാനിക-ക്ഷേമ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രാദേശിക അതിരുകൾക്കപ്പുറത്തേക്ക് വളർന്ന വിദ്യാഭ്യാസ ബോർഡിന്റെ ഈ വ്യവസ്ഥാപിത സംവിധാനം മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, ഉറുദു, കന്നഡ തുടങ്ങിയ വിവിധ ഭാഷകളിൽ ശാസ്ത്രീയവും ആധുനികവുമായ പാഠ്യപദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. കേവലം മതപഠനത്തിനപ്പുറം ആധുനിക ലോകത്തിന്റെ ധൈഷണികവും ബൗദ്ധികവുമായ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ള തലമുറകളെയാണ് പ്രസ്ഥാനം വാർത്തെടുക്കുന്നത്. ജാമിഅ സഅദിയ്യ,ജാമിഅ മർകസ്, മഅ്ദിൻ അക്കാദമി, പോലെ ആഗോള ശ്രദ്ധ നേടിയ നൂറുകണക്കിന് വിജ്ഞാന കേന്ദ്രങ്ങൾ പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. മത, ജാതി, വർഗ്ഗ ഭേദമന്യേ ലക്ഷങ്ങൾക്ക് ധാർമികാധിഷ്ഠിത വിദ്യാഭ്യാസവും തൊഴിലുമാണ് ഇവിടങ്ങളിൽ നൽകുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്നതാണ് സമസ്തയുടെ പ്രവർത്തനങ്ങൾ. സമസ്ത കേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ ,സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, സുന്നി മാനേജ്മെന്റ് അസോസിയേഷൻ തുടങ്ങിയ ശക്തമായ പോഷക സംഘടനകൾ ഇന്ന് സജീവമായി രംഗത്തുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് തണലാകുന്ന 'സാന്ത്വനം'പദ്ധതികളിലൂടെ ജീവകാരുണ്യ മേഖലയിൽ വിപ്ലവകരമായ മാതൃകകളാണ് ഈ സംഘടനകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. രോഗികൾക്കുള്ള സഹായങ്ങൾ, പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണം, അനാഥ സംരക്ഷണം തുടങ്ങിയവ ഇതിൽ ചിലതു മാത്രമാണ്. അതോടൊപ്പം, സമൂഹത്തിന്റെ സർഗ്ഗാത്മക ശേഷിയെ ഉണർത്തുന്ന വലിയ തോതിലുള്ള കലാ-സാഹിത്യ മത്സരങ്ങളും പരിശീലനങ്ങളും സാംസ്കാരിക സംരംഭങ്ങളും പ്രസ്ഥാനത്തിന് കീഴിൽ വ്യവസ്ഥാപിതമായി നടന്നുപോരുന്നു. പിറവിയുടെ നൂറാം വാർഷികത്തിലേക്ക് പ്രവേശിക്കുമ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന മഹാപ്രസ്ഥാനം പൂർവ്വ സൂരികൾ സ്വപ്നം കണ്ടതിനേക്കാൾ വലിയൊരു വിപ്ലവമായി മാറിയിരിക്കുന്നു. ആദർശ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ, ആധുനിക ലോകത്തിന്റെ വിജ്ഞാന-സേവന രംഗങ്ങളിൽ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് തണലേകുന്ന ഒരു ആഗോള പ്രസ്ഥാനമായി സമസ്ത ഇന്ന് തലയുയർത്തി നിൽക്കുകയാണ്. ഉലമ ആക്ടിവിസത്തിന്റെ ഉദാത്ത മാതൃകയാണ് സമസ്ത ഇവിടെ വരച്ചു കാട്ടിയത്.

ഇഖ്റഅ്: വായനയുടെ പുതിയ ആകാശങ്ങൾ
വായന എന്നാൽ കേവലം അക്ഷരങ്ങൾ കൂട്ടി വായിക്കുന്ന യാന്ത്രിക പ്രക്രിയ അല്ല. അതൊരു വൈജ്ഞാനികവും വൈകാരികവുമായ യാത്രയാണ്. മനുഷ്യന്റെ ബുദ്ധിയും ഭാവനയും അനുഭൂതികളും ഒന്നിച്ചുചേരുന്ന തീവ്രമായൊരു അനുഭവമാണത്. മനുഷ്യർ പണ്ടുകാലം മുതൽ തന്നെ ആത്മീയവും ബൗദ്ധികവുമായ വായനക്ക് വലീയ പ്രാധാന്യം നൽകിയിരുന്നു. ഇറ്റാലിയൻ തത്വചിന്തകനായ ജോർജിയോ അഗംബെൻ (Giorgio Agamben) 'സെൽഫ് പോർട്രേറ്റ് ഇൻ ദ സ്റ്റുഡിയോ' (Self-Portrait in the Studio) എന്ന തന്റെ പുസ്തകത്തിൽ വായനാ മുറിയെക്കുറിച്ച് പറയുന്ന ചില കാര്യങ്ങൾ വായനയുടെ സ്വകാര്യതയെയും വിശുദ്ധിയെയും ഓർമ്മിപ്പിക്കുന്നുണ്ട്. പഴയകാലത്ത് രാജാക്കന്മാരും പ്രഭുക്കന്മാരും ലോകത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി, നിശബ്ദമായി പുസ്തകങ്ങളോടപ്പം സമയം ചെലവഴിക്കാൻ 'സ്റ്റുഡിയോ' എന്ന പേരിൽ പ്രത്യേക പഠന മുറികൾ തന്നെ സജ്ജമാക്കിയിരുന്നു. നമ്മുടെ ദൈനംദിന തിരക്കുകളിൽ നിന്നും, അധികാരത്തിന്റെയോ കച്ചവടത്തിന്റെയോ സംഘർഷങ്ങളിൽ നിന്നും മാറി പുതിയ ചിന്തകളിലേക്കും അറിവുകളിലേക്കും പ്രവേശിക്കാനുള്ള ഒരു അഭയ കേന്ദ്രമായാണ് അവർ വായനാമുറികളെ കണ്ടിരുന്നത്. ഒരു പുസ്തകം വായിക്കുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ ഗ്രന്ഥകർത്താവുമായി ഏകാന്തതയിൽ സംവദിക്കുകയാണ് ചെയ്യുന്നത്. ലോകസാഹിത്യത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള, അതിവിശാലമായ ഒരു സാഹിത്യ സാംസ്കാരിക പൈതൃകം അറബി ഭാഷയ്ക്കും ഇസ്ലാമിക ലോകത്തിനുമുണ്ട്. വിശുദ്ധ ഖുർആനിലെ ആദ്യത്തെ കൽപ്പന തന്നെ 'വായിക്കുക എന്നാണ്. അറിവിലേക്കും തിരിച്ചറിവിലേക്കുമുള്ള ആദ്യത്തെ ചുവടുവെപ്പാണ് വായന എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. കേവലം മതപരമായ ഗ്രന്ഥങ്ങൾ മാത്രമല്ല, ശാസ്ത്രം, തത്വചിന്ത, സാഹിത്യം എന്നിവയെല്ലാം വായനാ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ലോക പ്രശസ്ത എഴുത്തുകാരനായ ഖലീൽ ജിബ്രാന്റെ ജീവിതം ഇതിനൊരു മികച്ച ഉദാഹരണമാണ്. ജിബ്രാന്റെ ഇംഗ്ലീഷ് രചനകളാണ് നാം കൂടുതലും വായിക്കാറുള്ളതെങ്കിലും, അദ്ദേഹത്തിന്റെ മിക്ക രചനകളും ആദ്യം പുറത്തിറങ്ങിയത് അറബിയിലായിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഹൃദയ ഭാഷയെയും ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അദ്ദേഹം ജനിച്ചു വളർന്ന ലബനാനിലെ അറബ് പശ്ചാത്തലവും ഖുർആനും, ഇമാം ഗസ്സാലിയെ പോലെയുള്ള പണ്ഡിതന്മാരുടെ ദാർശനിക ഗ്രന്ഥങ്ങളുമാണ്. അറബി ഭാഷയുടെ ലാളിത്യവും മനോഹാരിതയുമാണ്. ഇസ്ലാമിക ചിന്താധാരയുടെ സ്വാധീനം അദ്ദേഹത്തിന്റെ രചനകളിൽ നമുക്ക് ആഴത്തിൽ അനുഭവിക്കാൻ കഴിയും. സാഹിത്യം വായിക്കുമ്പോൾ ബുദ്ധിയും ഭാവനയും ഒരുമിച്ചു ചേരുകയും, അറിവ് ഒരു വൈകാരിക അനുഭവമായി (Emotional experience) മാറുകയും ചെയ്യുന്നത് ഇത്തരം വായനകളിലൂടെയാണ്. വിവരസാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. പുസ്തകങ്ങളിൽ നിന്ന് സ്ക്രീനുകളിലേക്ക് വായന മാറുമ്പോൾ അത് പുതിയ ചില വെല്ലുവിളികളും ഒപ്പം വലിയ സാധ്യതകളും മുന്നോട്ടുവെക്കുന്നുണ്ട്.സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയയും നമ്മുടെ ശ്രദ്ധയെ വലിയ തോതിൽ അപഹരിക്കുന്നു. നോട്ടിഫിക്കേഷനുകളുടെ ബഹളങ്ങൾക്കിടയിൽ ആഴത്തിലുള്ള വായന അസാധ്യമായി മാറുന്നു. വരികൾക്കിടയിലൂടെയുള്ള വായനയ്ക്ക് പകരം, സ്ക്രീനുകളിലൂടെ വെറുതെ കണ്ണോടിച്ചു പോകുന്ന ഉപരിപ്ലവമായ വായനാ രീതിയിലേക്ക് സോഷ്യൽ മീഡിയ ആളുകളെ മാറ്റിയിരിക്കുന്നു. ഇത് ചിന്താശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രശസ്തമായ ഗ്രന്ഥശാലകളിലെ അമൂല്യമായ പുസ്തകങ്ങൾ ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്. ഇസ്ലാമിക ചരിത്രത്തിലെ അപൂർവ്വ ഗ്രന്ഥങ്ങളും ലോക സാഹിത്യത്തിലെ മികച്ച സൃഷ്ടികളുമെല്ലാം ഇ-ബുക്കുകളായും പി.ഡി.എഫ് രൂപത്തിലും ഓഡിയോ ബുക്കുകളായും നമുക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ വായനയുടെ പ്രാധാന്യം കുറയുന്നില്ല. നടേ സൂചിപ്പിച്ച വായനാ മുറി എന്ന ആശയം ഡിജിറ്റൽ ലോകത്തും പ്രസക്തമാണ്. മൊബൈലിലോ കിൻഡിലിലോ വായിക്കുമ്പോൾ, ഇന്റർനെറ്റ് ഡാറ്റ ഓഫ് ചെയ്തോ അല്ലെങ്കിൽ നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്തോ മനസ്സിന് പൂർണ്ണമായി കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരു 'ഡിജിറ്റൽ സ്റ്റുഡിയോ' നാം തന്നെ സൃഷ്ടിച്ചെടുക്കണം. തിരക്കുകൾക്കിടയിലും വായനയ്ക്ക് മാത്രമായി ദിവസവും കുറച്ച് സമയം മാറ്റിവെക്കുക. ഇത് നമ്മുടെ ബുദ്ധിയെയും ശ്രദ്ധയെയും മൂർച്ച കൂട്ടാൻ സഹായിക്കും. വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും വരുന്നതെല്ലാം വായിക്കുന്നതിന് പകരം, മികച്ച ലേഖനങ്ങളും പുസ്തകങ്ങളും ബോധപൂർവ്വം തിരഞ്ഞെടുത്ത് വായിക്കാൻ ശീലിക്കുക. ചുരുക്കത്തിൽ, വായന മനുഷ്യനെ കൂടുതൽ വിശാലമായ ലോകത്തേക്ക് നയിക്കുന്നു. പുസ്തകത്തിന്റെ മണം അനുഭവിച്ച് താളുകൾ മറിച്ച് വായിക്കുന്നതിന്റെ അതേ ആത്മീയതയും അനുഭൂതിയും പുതിയ കാലത്തെ സ്ക്രീൻ വായനയിലും കണ്ടെത്താൻ നമുക്ക് കഴിയണം. വായനയുടെ രൂപം താളിയോലകളിൽ നിന്ന് കടലാസിലേക്കും, അവിടെ നിന്ന് സ്ക്രീനുകളിലേക്കും മാറിയാലും, അത് മനുഷ്യന്റെ മനസ്സിനെ നവീകരിക്കുന്ന പ്രക്രിയയായി എക്കാലത്തും നിലനിൽക്കും. വായിക്കുക എന്നത് കേവലം വിനോദമല്ല; അതൊരു സാംസ്കാരിക പ്രവർത്തനവും ആത്മീയമായ ഉണർവുമാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം വായന വെറുമൊരു വിനോദമല്ല. അതൊരു ആത്മീയ പ്രവർത്തനവും ബാധ്യതയുമാണ്. ലോകത്തിന് മുന്നിൽ അറിവിന്റെ വാതായനങ്ങൾ തുറന്നിട്ടത് 'ഇഖ്റഅ്' എന്ന വിശുദ്ധ ഖുർആനിന്റെ ആദ്യ സന്ദേശത്തിലൂടെയാണല്ലോ. അതുകൊണ്ടുതന്നെ വിശ്വാസിയുടെ വായനയ്ക്ക് കൃത്യമായ ലക്ഷ്യങ്ങളും രീതികളും ഉണ്ടായിരിക്കണം. എന്തിനുവേണ്ടി വായിക്കുന്നു എന്നത് വളരെ പ്രധാനമാണ്. അറിവ് നേടാനും, സ്വന്തം ജീവിതം നവീകരിക്കാനും, സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യാനും വേണ്ടിയായിരിക്കണം വായന. മറ്റുള്ളവരോട് തർക്കിക്കാനോ പാണ്ഡിത്യം നടിച്ച് അഹങ്കരിക്കാനോ ഉള്ളതാവരുത് അത്. അറിവ് നേടുന്നത് ഏറ്റവും വലിയൊരു ആരാധനയായിട്ടാണ് ഇസ്ലാം കാണുന്നത്. വിശ്വാസിയുടെ വായന കേവലം മതഗ്രന്ഥങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല. സമൂഹത്തെയും മനുഷ്യനെയും ആഴത്തിൽ മനസ്സിലാക്കാൻ സാമൂഹ്യ ശാസ്ത്രവും ചരിത്രവും ലോക സാഹിത്യവും വായിക്കേണ്ടതുണ്ട്. ഒപ്പം, പുതിയ കാലത്ത് നിർമിത ബുദ്ധി പോലെയുള്ള സാങ്കേതിക വിദ്യകൾ ഉയർത്തുന്ന ധാർമിക പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കാൻ പരന്ന വായന ആവശ്യമാണ്. ഭൗതികവും ആത്മീയവുമായ അറിവുകളെ സമന്വയിപ്പിക്കുമ്പോഴാണ് വായന പൂർണ്ണമാകുന്നത്. ഡിജിറ്റൽ കാലത്ത് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും വളരെ വേഗത്തിൽ പ്രചരിക്കാറുണ്ട്. ഒരു വാർത്തയോ വിവരമോ സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റോ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും അവതരിപ്പിക്കുന്നതിനും മുൻപ്, അതിന്റെ സത്യാവസ്ഥ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താൻ പാകത്തിലുള്ള സൂക്ഷ്മമായ വായന ഒരു വിശ്വാസിക്ക് ഉണ്ടായിരിക്കണം. സത്യസന്ധതയും നീതിയുമാണ് വായനയുടെയും വിവരങ്ങൾ പങ്കുവെക്കുന്നതിന്റെയും കാതൽ. വായിച്ചറിയുന്ന നല്ല കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താൻ കഴിയണം. ഇമാം ഗസ്സാലിയെപ്പോലുള്ള പണ്ഡിതന്മാർ ഓർമ്മിപ്പിക്കുന്നത്, കർമ്മത്തിൽ പ്രതിഫലിക്കാത്ത അറിവ് നിഷ്ഫലമാണെന്നാണ്. വായന നമ്മുടെ സ്വഭാവത്തെ കൂടുതൽ വിനയമുള്ളതും, മറ്റുള്ളവരോട് കരുണയുള്ളതുമാക്കി മാറ്റണം. ഓരോ ദിവസവും വായനയ്ക്കായി കൃത്യമായ സമയം കണ്ടെത്തുക എന്നത് ഒരു വിശ്വാസിയുടെ ചിട്ടകളിൽ ഒന്നാകണം. വെറുതെ വായിച്ചുപോകുന്നതിന് പകരം, വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും, അത് സ്വന്തം ജീവിതത്തോടും ചുറ്റുപാടുകളോടും ചേർത്തുനിർത്തി വിലയിരുത്താനും കഴിയണം.