



സഅദിയ്യ ദഅ്വാ കോളേജ് 'എക്കോ സുന്ന' സൗഹാർദ്ധ ക്യാമ്പിന് പ്രൗഢ സമാപ്തി
സഅദിയ ദഅ്വാ കോളേജ് വിദ്യാർത്ഥി സംഘടന 'ഓർക്കിഡ്' ൻ്റെ നേതൃത്വത്തിൽ ജൂൺ 1 മുതൽ 15 വരെ നടത്തിവന്ന 'എക്കോ സുന്ന 2026' പരിസ്ഥിതി സൗഹാർദ്ദ ക്യാമ്പിന് പ്രൗഢ സമാപ്തി. 'ചെറിയ ചുവടുകൾ, വലിയ മാറ്റങ്ങൾ' എന്ന പ്രമേയത്തിൽ ക്യാമ്പസിൽ നടന്നുവന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് ക്യാമ്പ് സമാപിച്ചത്. ഓർക്കിഡ് കേന്ദ്ര സമിതിക്ക് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വ്യത്യസ്തവും നിരവധി പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി നടന്നത്. പരിസ്ഥിതി ബോധവൽക്കരണവും ആത്മീയ ചിന്തകളും കോർത്തിണക്കി നടത്തിയ 'എക്കോ ഹിക്മ ഗാതറിംഗ്' , വിദ്യാർത്ഥികൾ ഒന്നിച്ച് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്ത 'ഗ്രീൻ പ്ലെഡ്ജ്' പരിസ്ഥിതി പ്രധാന്യത്തെ പറ്റിയുള്ള സംസാരമായ 'എക്കോ ടോക്ക്' എന്നിവ ശ്രദ്ധേയമായി. പ്രകൃതിഭംഗി ക്യാമറക്കണ്ണുകളിലൂടെ പകർത്തിയ 'നാച്ചുറൽ ലെൻസ്' , പുനരുപയോഗത്തിന്റെ പ്രാധാന്യം വിളിച്ചോതിയ 'റീബോൺ ഫോർ ദി ഫ്യൂച്ചർ' , പരിസ്ഥിതി സൗഹാർദ്ദ സന്ദേശങ്ങൾ പങ്കുവെച്ച 'എക്കോ ട്വീറ്റ്, ക്യാമ്പസിനെ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള 'സീറോ വേസ്റ്റ് ക്യാമ്പസ്' വിജ്ഞാന വിരുന്നായ 'കോഗ്നിറ്റീവ് നൂർ' എന്നിവയും ക്യാമ്പിന് മാറ്റുകൂട്ടി. വിദ്യാർത്ഥികളുടെ കലാ-സാഹിത്യ കഴിവുകൾ പ്രകടിപ്പിച്ച 'മുസാബക്ക അൽ ബയാൻ', 'മുസാബക്ക അൽ കലാം' എന്നീ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള പരിസ്ഥിതി ചിന്തകൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള സന്ദേശം പകർന്നു നൽകാനും ഇത്തരം ക്യാമ്പയിനുകൾ ഏറെ സഹായിക്കുമെന്ന് ഉസ്താദുമാർ അഭിപ്രായപ്പെട്ടു. ക്യാമ്പയിൻ വൻ വിജയമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും ഉസ്താദുമാർ അഭിനന്ദിച്ചു.

ഇബ്രാഹീമീ പാരമ്പര്യത്തിന്റെ സമകാലിക പ്രസക്തി ചർച്ച ചെയ്ത് സെമിനാർ സംഘടിപ്പിച്ചു.
ജാമിഅഃ സഅദിയ അറബിയ്യക്ക് കീഴിലുള്ള സഅദിയ്യ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥി കൂട്ടായ്മ 'ഓർക്കിഡ്' (ORCHID) ന്റെ ആഭിമുഖ്യത്തിൽ "ഇബ്രാഹീമിയ ലെഗസി: പാത്ത് ഓഫ് സബ്മിഷൻ"എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ആത്മീയവും ബൗദ്ധികവുമായ ചിന്തകൾ ഉണർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികളായ ഹാഫിള് ഹാമിദ്, ഉവൈസ് ടികെ, ഹാഫിള് ഹാരിസ്, ഹാഫിള് സഅദ് എന്നിവർ വിഷയാവതരണം നടത്തി.ബലി പെരുന്നാളിന്റെയും ഹജ്ജ് കർമങ്ങളുടെയും സ്മരണകൾ പഠനം വിധേയമാക്കുന്നതിലൂടെ പ്രവാചകർ ഇബ്രാഹീം നബിയുടെ (അ)യുടെ ചരിത്രവും അവരുടെ ത്യാഗപൂർണ്ണമായ സമർപ്പണത്തിന്റെ വഴികളും സമകാലിക സമൂഹത്തിൽ എങ്ങനെ മാതൃകയാക്കാം എന്ന് സെമിനാർ ചർച്ച ചെയ്തു.ഇബ്രാഹീമിയ പാരമ്പര്യത്തിന്റെ യഥാർത്ഥ അവകാശികൾ മുഹമ്മദ് നബിയുടെ (സ)യുടെ സമൂഹമാണെന്ന് വ്യക്തമാക്കുന്ന ഖുർആൻ പ്രസ്തുത പാരമ്പര്യം ജീവിതത്തിൽ മുറുകെ പിടിക്കാനും ആഹ്വാനം ചെയ്യുന്നു.സംഘടന സെക്രട്ടറി ഹാമിദ് മുട്ടുന്തലയുടെ അധ്യക്ഷതയിൽ കോളേജ് സെമിനാർ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ഹുസൈൻ അൻവർ സ്വാഗതവും ലീഡർ തുഫൈൽ കാഞ്ഞങ്ങാട് നന്ദി പ്രകാശനവും നിർവ്വഹിച്ചു.മറ്റു ഓർക്കിഡ് ഭാരവാഹികളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

ഓർക്കിഡ് അപ്ഡേറ്റ് ലോഗോ പ്രകാശനം ചെയ്തു
സഅദിയ്യ ദഅ്വാ കോളേജ് വിദ്യാർത്ഥി സംഘടനയുടെ കീഴിലുള്ള 'ഓർക്കിഡ് അപ്ഡേറ്റ്' ന്റെ ലോഗോ പ്രകാശനം സയ്യിദ് ഹിബത്തുള്ള അഹ്സനി ഉസ്താദ് നിർവ്വഹിച്ചു. ദഅ്വാ കോളേജ് പ്രിൻസിപ്പൽ ഉസ്താദ് ശരീഫ് സഅദി മാവിലാടം , ഉസ്താദ് ഹാഷിം അഹ്സനി കല്ലാച്ചി പങ്കെടുത്തു. വിദ്യാർത്ഥി കൂട്ടായ്മയുടെ ക്രിയാത്മകമായ ഇടപെടലുകൾ മാതൃകപരമാണെന്ന് ഉസ്താദുമാർ അഭിനന്ദിച്ചു.